ഷാര്‍ജ: ഷാര്‍ജ പൊലീസിലെ സ്വദേശി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 17,500 ദിര്‍ഹമാക്കി (മൂന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വര്‍ദ്ധിപ്പിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
ഷാര്‍ജ പൊലീസ് സേനയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ ശമ്പളം 10,000ല ദിര്‍ഹത്തില്‍ നിന്ന് 17,500 ദിര്‍ഹമാക്കി ഉയര്‍ത്താനും നേരത്തെ ഭരണാധികാരി നിര്‍ദേശം നല്‍കിയിരുന്നു. വിശ്വസ്തരായ ഈ ഉദ്യോഗസ്ഥരെ താഴ്ന്ന ജീവിത നിലവാരത്തില്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് തീരുമാനം പ്രഖ്യാപിക്കവെ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.
വിരമിച്ചവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും സംബന്ധിച്ച കാര്യങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ അവര്‍ കടന്നുപോയ ബുദ്ധിമുട്ടുകളും പരിഹരിക്കും. കടങ്ങളും മറ്റ് സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കുന്നത് സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ തന്റെ പരിഗണനയിലുണ്ടെന്നും അത് ഉടന്‍ തന്നെ പരിഗണിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.