തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ രണ്ടാംബാച്ച് ഇലക്ട്രിക് ബസുകളെത്തിത്തുടങ്ങി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ഇലക്ട്രിക് ബസുകളിൽ നാലെണ്ണം ആനയറയിലെ സ്വിഫ്ട് ആസ്ഥാനത്തെത്തി.ഐഷർ കമ്പനിയുടെ 60 ഉം പി.എം.ഐ ഫോട്ടോണിന്റെ 53 ബസുകളുമാണ് വാങ്ങുന്നത്. ഇവയെല്ലാം നഗര ഉപയോഗത്തിന് പറ്റിയ ഒമ്പത് മീറ്റർ ബസുകളാണ്.ഇപ്പോൾ 50 ബസുകളാണ് ഓടുന്നത്. ജൂലായ് അവസാനത്തോടെ സ്മാർട്ട് സിറ്റി പദ്ധതിയിൽപ്പെട്ട 113 ബസുകളും സിറ്റി സർക്കുലറിന്റെ ഭാഗമാകും.
ഡീസൽ ബസുകളില്ലാത്ത സംസ്ഥാനത്തെ ആദ്യ ഹരിതനഗരമായി തലസ്ഥാനത്തെ മാറ്റാനാണ് നീക്കം.നഗരത്തിലെ ഗതാഗത സംവിധാനം പഠിച്ചശേഷം തയാറാക്കിയ സിറ്റി സർക്കുലർ റൂട്ടുകളിലേക്കാണ് ബസുകൾ വിന്യസിക്കുക. നിലവിലുള്ള ഡീസൽ ബസുകൾ കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് മാറ്റും.കിഫ്ബിയുടെ രണ്ടാംഘട്ട ധനസഹായമായ 455 കോടി രൂപയ്ക്ക് 225 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുന്നതിനും പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
സിറ്റി സർക്കുലർ ബസുകളുടെ ടിക്കറ്റ് നിരക്ക് പരീക്ഷണാടിസ്ഥാനത്തിൽ പത്ത് രൂപയിൽ നിന്ന് അഞ്ചായി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അന്തിമ തീരുമാനം എടുത്തിട്ടില്ല. ദിവസം ഒരു ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ 46,000 യാത്രക്കാരുണ്ട്.ടിക്കറ്റ് നിരക്ക് കുറച്ചതോടെയാണ് യാത്രക്കാർ കൂടിയത്.വിശദമായ പഠനം നടത്തിയശേഷമാകും നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.