നീലഗിരി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണത് സൈനിക കേന്ദ്രങ്ങളെയും രാജ്യത്തെയും ഞെട്ടിച്ചിരിക്കുകയാണ്. അപകടകാരണം വ്യക്തമായി പുറത്തുവന്നിട്ടില്ലെങ്കിലും ദുരന്തസ്ഥലത്ത് നിന്നുളള ദൃശ്യങ്ങൾ അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു. തകർന്നുവീണ ഉടനെ തീപിടിച്ച ഹെലികോപ്ടറിന് സമീപത്തായി ചിതറിക്കിടന്ന മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 80 ശതമാനത്തോളമാണ് പലർക്കും പൊളളലേറ്റത്.
ഹെലികോപ്ടറിലെ തീ അണച്ച ശേഷമാണ് ഉള്ളിലും പരിസരത്തും തെരച്ചിൽ നടത്താൻ കഴിഞ്ഞത്. ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ നാട്ടുകാരും പ്രാദേശിക പോലീസുമാണ് ചെറിയ ഹോസുകളിൽ വെള്ളം ചീറ്റിച്ച് തീ അണയ്ക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും ഹെലികോപ്ടറിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും തീ കത്തിപ്പിടിച്ചിരുന്നു.
മരങ്ങൾ നിറഞ്ഞ പ്രദേശത്താണ് ഹെലികോപ്ടർ തകർന്നു വീണത്. അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കുന്നതിലും രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിലും ഇതും വെല്ലുവിളിയായി. അപകടത്തിൽപെട്ട പലരെയും സ്ട്രക്ചറിലെടുത്ത് പുറത്തേക്ക് കൊണ്ടുവന്ന ശേഷമാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞത്.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ തമിഴ്നാട് സർക്കാർ അടിയന്തിര രക്ഷാപ്രവർത്തനത്തിന് നിർദ്ദേശം നൽകി. സൈന്യവും അപകടസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. ഹെലികോപ്ടറിന്റെ ഏതാനും ഭാഗം മാത്രമാണ് കത്തിക്കരിയാതെ അവശേഷിച്ചത്.
വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിൻ്റേയോ അദ്ദേഹത്തിൻ്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം തന്നിട്ടില്ല.
