മനാമ: തിരുനബി സഹിഷ്ണുതയുടെ മാതൃക എന്ന ശീര്‍ഷകത്തില്‍ ഐ.സി.എഫ് ബഹ്റൈന്‍ കമ്മറ്റിക്ക് കീഴില്‍ മുഴുവന്‍ സെന്‍ട്രല്‍ ആസ്ഥാനങ്ങളിലും നടന്ന മീലാദ് പരിപാടികള്‍ സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന ക്യാമ്പയിനില്‍ പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന ചരിത്ര സെമിനാറുകള്‍, ക്വിസ് മത്സരങ്ങള്‍, പുസ്തക വിതരണം എന്നിവ സംഘടിപ്പിച്ചു.
മൗലിദ് സദസ്സുകള്‍, സൂക്കുകളില്‍ മധുര വിതരണം, പ്രവാചക പ്രകീര്‍ത്തന കാവ്യമായ ബുര്‍ദ പാരായണം തുടങ്ങീയ ശ്രദ്ധേയമായ പരിപാടികളും ഇതിന്റെ ഭാഗമായി നടന്നു. നാഷണല്‍ പ്രസിഡന്റ് കെ.സി. സൈനുദ്ധീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സംഗമത്തില്‍ ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ ഫിനാന്‍സ് സെക്രട്ടറി ഹബീബ് കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകീര്‍ത്തന കാവ്യം ചരിത്രം, ഉള്ളടക്കം എന്ന വിഷയത്തില്‍ കേരളത്തിലെ പ്രമുഖ പ്രഭാഷകനും ചിന്തകനും വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമായ ബഷീര്‍ ഫൈസി വെണ്ണക്കോട് പ്രഭാഷണം നടത്തി.
മീലാദ് ദിനത്തില്‍ മജ്മഉത്തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു. സമാപന സംഗമത്തില്‍ നടന്ന ബുര്‍ദ്ധ ആസ്വാദന സദസ്സിന് അബ്ദുറഹീം സഖാഫി അത്തിപ്പറ്റ നേതൃത്വം നല്കി. അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം സ്വാഗതവും അബ്ദുസമദ് കാക്കടവ് നന്ദിയും പറഞ്ഞു.