
മനാമ: ബഹ്റൈനില്‍ വേനല്‍ക്കാലത്ത് ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മന്ത്രിതല ഉത്തരവ് പ്രാബല്യത്തില്‍ വന്നതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 4 വരെയാണ് നിരോധനം.
ഈ ഉത്തരവ് പ്രകാരം നിശ്ചിത കാലയളവില്‍ തൊഴിലാളികളെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളിലോ തുറസ്സായ സ്ഥലങ്ങളിലോ ജോലി ചെയ്യിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് താപനിലയും ഈര്‍പ്പവും കൂടുതലായിരിക്കുമ്പോള്‍ തൊഴില്‍പരമായ രോഗങ്ങളില്‍നിന്നും പരിക്കുകളില്‍നിന്നും തൊഴിലാളികളുടെ സംരക്ഷണം വര്‍ധിപ്പിക്കാന്‍ അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഈ നിരോധനം നടപ്പിലാക്കുന്നത്.
നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു മാസം വരെ തടവും 500 ബഹ്റൈന്‍ ദിനാര്‍ മുതല്‍ 1,000 ദിനാര്‍ വരെ പിഴയും അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലുമൊരു ശിക്ഷയും ലഭിക്കും. ഏതെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങള്‍ക്കായി മന്ത്രാലയം ഹോട്ട്ലൈന്‍ (32265727) സജ്ജീകരിച്ചിട്ടുണ്ട്.
