മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ മകൻ സെയ്ൻ നദെല്ല അന്തരിച്ചു. 26 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മരണവിവരം എക്സിക്യൂട്ടീവ് സ്റ്റാഫിനെ കമ്പനി ഇ-മെയിലിൽ മുഖാന്തരം ഔദ്യോഗികമായി അറിയിച്ചു.
സത്യ നാദെല്ലയുടെയും അനു നാദെല്ലയുടെയും മകനായ സെയ്ന്, ജന്മനാ സെറിബ്രൽ പാൾസി ബാധിച്ചിരുന്നു. വെറും 1.36 കിലോഗ്രാമായിരുന്നു ജനനസമയത്ത് സെയ്നിന്റെ തൂക്കം.
2014 ലാണ് മൈക്രോസോഫ്റ്റിന്റെ സിഇഒ ആയി 54കാരനായ സത്യ നാദെല്ല ചുമതലയേൽക്കുന്നത്. അന്നുമുതൽ ഭിന്നശേഷിയുള്ളവർക്കായി മികച്ച സേവനം നൽകുന്ന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിന് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ സത്യ നാദെല്ലയ്ക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.