റോം: അർജന്റീനയുടെ ഇതിഹാസ താരം മറഡോണയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാധാനത്തിനായുള്ള മത്സരം എന്ന് പേരിട്ടിരിക്കുന്ന കളിയില്‍ ഫുട്ബോൾ ലോകത്ത് നിരവധി പ്രമുഖർ പങ്കെടുക്കും.
നവംബർ 14നാണ് മത്സരം. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, ബ്രസീലിന്റെ റൊണാൾഡീഞ്ഞോ, ഇറ്റാലിയൻ ലോകകപ്പ് ജേതാവ് ബഫൺ, റോമയുടെ പോർച്ചുഗൽ പരിശീലകൻ മൗറീഞ്ഞോ എന്നിവരും മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മത്സരമാണിത്.
റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് മെസിയും മറ്റ് താരങ്ങളും ഈ മത്സരത്തിനെത്തുന്നത്. 2020 നവംബറിലാണ് മറഡോണയുടെ പെട്ടെന്നുള്ള വിയോഗം ലോകത്തെ ഞെട്ടിച്ചത്. തന്റെ 60-ാം ജന്മദിനം ആഘോഷിച്ച് ദിവസങ്ങൾക്കകമാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.