കോട്ടയം: ഒക്ടോബര്‍ 10 ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. മാനസിക ആരോഗ്യ വളര്‍ച്ചയ്ക്ക് മനസില്‍ നന്മയുടെയും സ്നേഹത്തിന്റെയും വെളിച്ചം നിറയ്ക്കുവാന്‍ കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, പ്രോക്കുറേറ്റര്‍ റവ. ഫാ. അലക്സ് ആക്കപ്പറമ്പില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടുനബന്ധിച്ച് കോട്ടയം അതിരൂപത അംഗങ്ങളായ ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്, കോട്ടയം തഹസില്‍ദാര്‍ ലിറ്റിമോള്‍ തോമസ് എന്നിവരെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും മൊമന്റോയും നല്കി ആദരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി മാനസിക ആരോഗ്യം ഇന്നിന്റെ ആവശ്യകത എന്ന വിഷയം ആസ്പദമാക്കി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറിന് പ്രൊഫ. റോസമ്മ സോണി നേതൃത്വം നല്കി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് ഓഫ് ഇന്‍ഡ്യയുമായി സഹകരിച്ച് സംഘടിപ്പിച്ച ദിനാചരണത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ കുട്ടികളുടെ മാതാപിതാക്കളും കെ.എസ്.എസ്.എസ് സ്വാശ്രയസംഘ പ്രതിനിധികളും പങ്കെടുത്തു.