മലപ്പുറം: മുസ്ലീം യൂത്ത് ലീഗിന് എതിരെ സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായ ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം രംഗത്ത്. കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നതായി യൂസഫ് പടനിലം ആരോപിച്ചു. ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്ഥാന നേതാക്കൾ വിനിയോഗിച്ചതായാണ് ആരോപണം
സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, സി കെ സുബൈർ എന്നിവർക്കെതിരെയാണ് യൂസഫ് പടനിലത്തിൻറെ ആരോപണം. പികെ ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് ഉന്നാവ് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചു. രോഹിത് വെമുലയുടെ കുടുംബത്തിന് നൽകിയ 10 ലക്ഷത്തിൻ്റെ ചെക്ക് മടങ്ങിയപ്പോൾ അഞ്ച് ലക്ഷം കത്വ ഫണ്ടിൽ നിന്നും വകമാറ്റി. 2018ൽ പിരിച്ച ഫണ്ടിൽ നിന്നും ഒരു രൂപ പോലും കത്വ പെൺകുട്ടിയുടെ കുടുംബത്തിന് കൈ മാറിയിട്ടില്ല എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് മുസ്ലീം യൂത്ത് ലീഗിനെതിരെ ദേശീയ സമിതി അംഗം ഉയർത്തിയത്. സംഭവം ചോദ്യം ചെയ്ത യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി തങ്ങളെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ശ്രമം നടന്നെന്നും യൂസുഫ് പടനിലം ആരോപിച്ചു.
ബാങ്ക് വിവരം പുറത്ത് വിടാൻ യൂത്ത് ലീഗ് തയ്യാറാകണമെന്നാണ് ആവശ്യം. സംഭവത്തിൽ വിജിലൻസിന് പരാതി നൽകും. ആരോപണ വിധേയരായ നേതാക്കളെ ലീഗ് നേതൃത്വം സംരക്ഷിക്കുകയാണെന്നും പരാതിയുണ്ട്.