മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത ബഹ്റൈൻ സാമൂഹിക വികസനകാര്യ മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസഫൂറുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനിലെ എല്ലാ ക്രൈസ്തവർക്കും ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസഫൂർ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നു.
വിദേശികൾക്ക് സ്വന്തം നാടിനെക്കാൾ സ്വതന്ത്രമായി ജീവിക്കാനും അവരവരുടെ വിശ്വാസങ്ങളും ആരാധനാ സ്വാതന്ത്ര്യവും ലഭിക്കുന്ന ബഹ്റൈൻ രാജ്യം ലോകത്തിനു തന്നെ മാതൃകയാണന്ന് മാർ പക്കോമിയോസ് പറഞ്ഞു.
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്ക് നേത്യത്വം നൽകുവാൻ എത്തിയതായിരുന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത. ബഹ്റൈൻ ഭരണാധികാരികളോടുള്ള നന്ദിയും കടപ്പാടും മലങ്കര സഭക്ക് വേണ്ടി തദവസരത്തിൽ അറിയിച്ചു.
ബഹ്റൈൻ സാമൂഹിക മന്ത്രലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കമ്മ്യൂണിറ്റി ഡെവലൊപ്മെൻറ് അണ്ടർ സെക്രട്ടറി മിസ് ഇനാസ് അൽ മജീദ് , സെക്രട്ടറി മോനാ അൽ ഹാജി , കത്തീഡ്രൽ വികാരി റവ. ഫാദർ സുനിൽ കുര്യൻ ബേബി, സഹ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, ട്രസ്റ്റി ജീസൻ ജോർജ്ജ്, സെക്രട്ടറി ജേക്കബ് പി. മാത്യു എന്നിവർ പങ്കെടുത്തു.