
മനാമ: ബി.ഡി.എ സെന്റർ ഫോർ മെഡിക്കൽ ട്രെയ്നിങ് സംഘടിപ്പിച്ച പ്രഥമ ചർമ രോഗ സിമ്പോസിയം ശ്രദ്ധേയമായി. ചർമരോഗ ചികിത്സ രംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകൾ പരിചയപ്പെടുത്തിയ സിമ്പോസിയത്തിൽ ആരോഗ്യ പ്രവർത്തകർ, ലബോറട്ടറികൾ, സാങ്കേതിക വിദഗ്ധർ എന്നിവരെ കൂടാതെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ (എസ്എംസി) നിന്നുള്ള 70 ഓളം കൺസൾട്ടന്റുമാരും ചർമരോഗ വിദഗ്ധരും പങ്കെടുത്തു. ഗ്ലോബൽ ഡെർമറ്റോളജിയുടെ സഹകരണത്തോടെയാണ് സിമ്പോസിയം സംഘടിപ്പിച്ചത്.
സിമ്പോസിയത്തിൽ സങ്കീർണമായ ചർമരോഗങ്ങൾക്കുള്ള ഏറ്റവും പുതിയ ചികിത്സ മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ചർമരോഗങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളായ വിറ്റിലിഗോ, എക്സിമ, സോറിയാസിസ്, ബാക്ടീരിയ, തലയോട്ടിയിലെ ഫംഗസ് എന്നിവയെക്കുറിച്ചും വിശദമായ ചർച്ചകൾക്ക് സിമ്പോസിയം വേദിയായി. വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ത്വഗ് രോഗ വിദഗ്ധരെ പങ്കെടുപ്പിച്ച് ശാസ്ത്രീയ ഗവേഷണത്തിനായി മത്സരവും സംഘടിപ്പിച്ചു. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി തുടർച്ചയായ മെഡിക്കൽ എഡ്യൂക്കേഷൻ (സിഎംഇ) പ്രോഗ്രാമിനുള്ളിൽ ആറ് മണിക്കൂർ കൊണ്ട് ഈ പരിപാടിക്ക് അംഗീകാരം നൽകി.
അഭിപ്രായങ്ങളും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനും ത്വഗ് രോഗ ചികിത്സ രംഗത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഏറ്റവും പുതിയ ചികിത്സ രീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമുള്ള ഒരു മികച്ച വേദിയാണ് ഈ മെഡിക്കൽ പരിപാടിയെന്ന് സയന്റിഫിക് കമ്മിറ്റി തലവൻ ഡോ. അമിൻ അൽ അവധി അഭിപ്രായപ്പെട്ടു. വർഷം തോറും സിമ്പോസിയം സംഘടിപ്പിക്കുമെന്നും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉണ്ടാകുമെന്നും ശാസ്ത്ര സമിതി മേധാവി വെളിപ്പെടുത്തി.


