കൊച്ചി: മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ചാനല്‍ മാനേജ്മെന്റ് ഹൈക്കോടതിയില്‍ നല്കിയ ഹർജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ നാളെ വിധി പറയും. രാവിലെ 10.15നായിരിക്കും വിധി പറയുക. കേസുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഹൈക്കോടതിയില്‍ നടന്നത് ചാനല്‍ മാനേജ്മെന്റ് നല്കിയ ഹർജിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും കക്ഷി ചേര്‍ന്നിരുന്നു.
മീഡിയ വണ്‍ ചാനലിന് സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്ന് ചാനല്‍ മാനേജ്മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. നടപടി ക്രമങ്ങള്‍ പാലിച്ചാണ് ചാനല്‍ മുന്നോട്ടു പോയത്. എന്നാല്‍ ഏകപക്ഷീയമായ രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നുവെന്നും കൃത്യമായ മറുപടി പറയാതെയാണ് നടപടിയുണ്ടായതെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. നിരവധി തൊളിലാളികളെക്കൂടി ബാധിക്കുന്ന വിഷയമാണിതെന്നും പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു.