കണ്ണൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംസി കമറുദ്ദീൻ ജയിൽ മോചിതനായി. മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിൽ മോചനം.
ജയിൽ നിന്ന് പുറത്ത് വന്ന കമറുദ്ദീൻ എല്ലാവർക്കും നന്ദി പറഞ്ഞു. തനിക്കെതിരെ നടന്നത് ഗൂഢാലോചനയായിരുന്നുവെന്നും തന്നെ പൂട്ടുക ആയിരുന്നു ലക്ഷ്യമെന്നും കമറുദ്ദീൻ പറഞ്ഞു. ആ ലക്ഷ്യം അവർ നിറവേറ്റിയെന്നും തട്ടിപ്പ് കേസിൽ പ്രതിയാക്കിയവർക്ക് കാലം മാപ്പ് തരില്ലെന്നും കമറുദ്ദീൻ കൂട്ടിച്ചേർത്തു. ‘രാഷ്ട്രീയക്കാർ തെങ്ങ് കയറ്റക്കാരെ പോലെ ആണ്. കയറ്റവും ഇറക്കവും ഉണ്ടാകും. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. ഗൂഢാലോചനയിൽ മാധ്യമ പ്രവർത്തകരും ഉണ്ട്. ഗൂഢാലോചനയുടെ വിശദ വിവരങ്ങൾ പിന്നീട് പുറത്ത് വിടും’- കമറുദ്ദീൻ പറഞ്ഞു.
96 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് കമറുദ്ദീൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ മോചിതനാകുന്നത്. 155 കേസുകളാണ് കമറുദ്ദീന്റെ പേരിലുള്ളത്. ഇതിൽ 148 കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസുകളിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ജയിൽ മോചിതനാകുന്നത്.