മനാമ: ഇന്ത്യൻ ക്ലബ് ബഹ്റൈനിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള സൗന്ദര്യ മത്സരം മെയ് ക്വീൻ 2023 ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. മെയ് 26 ന് വെള്ളിയാഴ്ച വൈകിട്ട് 7:30 മുതൽ ഗുദൈബിയയിലെ ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വിഐപികൾ, വിശിഷ്ട വ്യക്തികൾ, ക്ലബ് അംഗങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരുൾപ്പെടെ 1,500-ലധികം കണികളെയാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 16 മത്സരാർത്ഥികൾ റാംപിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കും. കാഷ്വൽ, എത്നിക്, ഈവനിംഗ് വസ്ത്രങ്ങൾ എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായിട്ടാണ് മത്സരം നടക്കുക. അവസാന റൗണ്ട് ചോദ്യോത്തര സെക്ഷനാണ്.
കിരീടത്തോടൊപ്പം, ഒന്നാം റണ്ണർ അപ്പ്, രണ്ടാം റണ്ണർ അപ്പ്, കൂടാതെ മറ്റ് നാല് വ്യക്തിഗത വിഭാഗ അവാർഡുകൾ – മികച്ച നടത്തം, മികച്ച പുഞ്ചിരി, മികച്ച ഹെയർ-ഡൂ, ഓഡിയൻസ് ചോയ്സ് എന്നീ ടൈറ്റിലുകളിൽ വിജയികളെ പ്രഖ്യാപിക്കും. 5000 ഡോളർ മൂല്യമുള്ള മൊത്തം ക്യാഷ് പ്രൈസ്, ആഭരണങ്ങൾ, എയർ ടിക്കറ്റുകൾ, ഫാഷൻ ആക്സസറികൾ, ഗിഫ്റ്റ് ഹാംപറുകൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് വിജയികൾക്കും മത്സരാർത്ഥികൾക്കും വേണ്ടി കാത്തിരിക്കുന്നത്. വൈവിധ്യമാർന്ന നൃത്ത സംഘങ്ങളുടെയും ലൈവ് മ്യൂസിക്കൽ ബാൻഡിന്റെയും വിവിധ കലാപരിപാടികളും ഇതോടൊപ്പം നടക്കും.
ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ചടങ്ങിൽ മുഖ്യാതിഥിയാകും. പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക്, ക്ലബ്ബിന്റെ എന്റർടൈൻമെന്റ് സെക്രട്ടറി ആർ.സെന്തിൽ കുമാറുമായോ 33340494 എന്ന നമ്പരിലോ ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥനെയോ 34330835 എന്ന നമ്പരിലോ അല്ലെങ്കിൽ പ്രസിഡന്റ് കെ.എം. ചെറിയാൻ 39427425 അല്ലെങ്കിൽ ചീഫ് കോർഡിനേറ്റർ സന്തോഷ് തോമസ് 33005413 എന്നിവരുമായി ബന്ധപ്പെടുക.