മനാമ: കാറോട്ട പ്രേമികളെ ആവേശത്തിലാഴ്ത്തി ഫോർമുലവൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റാപ്പൻ കിരീടംചൂടി. 26 പോയന്റ് നേടിയാണ് വെസ്റ്റപ്പൻ കിരീടം ചൂടിയത്. ഫൈനലിൽ ഒരു ഘട്ടത്തിലും തിരിഞ്ഞുനോക്കേണ്ടി വരാത്ത ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം നടത്തിയത്. 18 പോയന്റുമായി റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് റണ്ണറപ്പും 15 പോയന്റുമായി ഫെരാരിയുടെ കാർലോസ് സൈൻസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഫെറാരിയുടെ ചാൾസ് ലെക്ലർക്ക് നാലാമതും മെർസീഡെസിന്റെ ജോർജ്ജ് റസ്സൽ അഞ്ചാമതും ഫിനിഷ് ചെയ്തു. ലാൻഡോ നോറിസ് (മക്ലാറെൻ), ലൂയിസ് ഹാമിൽട്ടൻ (മെഴ്സിഡസ്), ഓസ്കർ പിയാസ്ട്രി (മക്ലാറൻ), ഫെർണാണ്ടോ അലോൺസോ (ആസ്റ്റൺ മാർട്ടിൻ), ലാൻസ് സ്ട്രോൾ (ആസ്റ്റൺ മാർട്ടിൻ) എന്നിവരാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ. ഏഴ് തവണ ലോക ചാമ്പ്യനായ മെർസീഡെസിന്റെ ലൂയിസ് ഹാമിൽട്ടന് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.