മനാമ: തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ ഐ സി എഫ് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള “മാസ്റ്റർ മൈൻഡ്” ക്വിസ് ബഹ്റൈൻ നാഷണൽ തല മത്സരം ഇന്ന് നടക്കും. ‘തിരുനബിയുടെ കുടുംബം’ എന്ന വിഷയത്തിൽ സെൻട്രൽ തലത്തിൽ നടന്ന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവരാണ് നാഷണൽ തലത്തിൽ മത്സരിക്കുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും മത്സരിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരം മനാമ ഐ സി എഫ് ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. പൊതുജനങ്ങൾക്ക് മത്സരം വീക്ഷിക്കാനുള്ള അവസരം ഉണ്ട്. പ്രമുഖ ട്രൈനറും മോട്ടിവേഷൻ സ്പീക്കറുമായ ഫാസിൽ താമരശ്ശേരി ക്വിസ് മത്സരം നിയന്ത്രിക്കും. എട്ടു സെൻട്രലുകളിൽ നിന്നായി 64 കുട്ടികളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. നാഷണൽ തലത്തിൽ വിജയികളായവർ നവംബർ 25ന് ഇന്റർ നാഷണൽ തലത്തിൽ നടക്കുന്ന മത്സരത്തിലേക്ക് യോഗ്യത നേടും.