അബുദാബി: റമദാനിൽ ലോകത്തിന്റെ പട്ടിണി അകറ്റാൻ യു.എ.ഇ പ്രഖ്യാപിച്ച 100 കോടി ഭക്ഷ്യ പദ്ധതിക്ക് വലിയ ജനപിന്തുണ. ഒരാഴ്ചയ്ക്കുള്ളിൽ 247 ദശലക്ഷം ദിർഹമാണ് സമാഹരിച്ചത്. വ്യക്തികളും ബിസിനസുകാരും ഉൾപ്പെടെ 13,220 പേരാണ് ഈ തുക സംഭാവന ചെയ്തത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞയാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
അർഹരായവരെ കണ്ടെത്തി ഭക്ഷണം കൈമാറും. രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാവർക്കും പങ്കാളികളാകാൻ സാധിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.