പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ മിനി സിവിൽ സ്റ്റേഷന് സമീപത്തെ ചിപ്സ് കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. മൂന്ന് കടകൾ അഗ്നിക്കിരയായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സെൻട്രൽ ജംഗ്ഷനിലെ കുരിശിനോട് ചേർന്നുള്ള ചിപ്സ് കടയിൽ ഉച്ചയ്ക്ക് 1.50 ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ രണ്ട് ബേക്കറികളും ഒരു മൊബൈൽ ഷോപ്പും പൂർണമായും കത്തിനശിച്ചു.
അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടക്കുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ച് തീ കൂടുതൽ പടർന്നു. തുടർന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കടക്കുള്ളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. സമീപത്തെ കടകളിലെ ഗ്യാസ് കുറ്റികൾ മാറ്റി. നഗരത്തിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തി.