കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാബൂള്‍ വിമാനത്താവളത്തില്‍ തിക്കും തിരക്കും നിയന്ത്രണാതീതമെന്നാണ് വിവരം. കാബൂള്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു.
രാജ്യം വിടാന്‍ എത്തിയവരുടെ തിക്കും തിരക്കും മൂലമാണ് കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കാബൂള്‍ നഗരം താലിബാന് പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. എന്നാല്‍ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടര്‍ മാര്‍ഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.
താലിബാന് അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്ഗാന് സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. താലിബാന് കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന് സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന വാര്‍ത്ത പുറത്ത് വന്നത്.