കൊച്ചി: മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ നാളെ പരിഗണിക്കും. ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഇഡിയുടെ സമൻസ് റദ്ദാക്കണമെന്നാണ് ഹർജികളിലെ ആവശ്യം.
താൻ ഫെമ നിയമം ലംഘിച്ചുവെന്ന് അവകാശപ്പെടുന്ന ഇ.ഡി കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടി. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് കിഫ്ബി ഹർജിയിൽ ചൂണ്ടിക്കാട്ടി. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ലെന്നും അത് റിസർവ് ബാങ്കിനാണെന്നും കിഫ്ബി വാദിച്ചു.
സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതിനാലാണ് സമൻസ് അയച്ചതെന്നും സംശയകരമായ കാര്യങ്ങൾ അന്വേഷിക്കാൻ അധികാരമുണ്ടെന്നും ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സമൻസിലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന കിഫ്ബിയുടെ ആവശ്യവും കോടതി ഇതുവരെ അംഗീകരിച്ചിട്ടില്ല.