കാസർകോട്: വിവാഹ പരസ്യം വഴി പരിചയപ്പെട്ട് പൊയിനാച്ചി സ്വദേശിയായ യുവാവിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേൽപറമ്പ് പൊലീസ് പിടികൂടി. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ(35)യാണ് പൊലീസ് ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
യുവാവിനു പുറമെ കേരളത്തിലെ നിരവധി പോലീസ് ഉദ്യോഗസ്ഥരും തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്നാണു സൂചന. സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ ജൂൺ 21നാണ് ശ്രുതിക്കെതിരെ യുവാവ് പരാതി നൽകിയത്. ഒളിവിലായിരുന്ന ശ്രുതിക്കുവേണ്ടി പോലീസ് ഊർജിതമായി അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കാസർകോട് ജില്ലാ കോടതി ശ്രുതിക്കു മുൻകൂർ ജാമ്യം നിഷേധിച്ചു. ഇതോടെയാണ് യുവതിയെ പിടികൂടിയത്.
മാട്രിമോണിയൽ സൈറ്റിൽ വരനെ ആവശ്യമുണ്ടെന്നു പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്നവരുമായും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നവരുമായും യുവതി സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു രീതി. തുടർന്ന് യുവാക്കളിൽനിന്ന് പണവും സ്വർണവും ആവശ്യപ്പെടും. ഇവർക്കെതിരെ സമാനമായ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. നേരത്തെ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കേരള പോലീസിലെ ഒരു എസ്.ഐക്കെതിരെ മംഗളുരുവിൽ യുവതി പരാതി നൽകിയിരുന്നു. ആശുപത്രിയിൽ വച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഐ.എസ്.ആർ.ഒ, ഇൻകം ടാക്സ് ഉദ്യോഗസ്ഥ ചമഞ്ഞാണ് ഇവർ പലരെയും കബളിപ്പിച്ചിരുന്നത്.
പരാതിക്കാരനായ പൊയിനാച്ചി സ്വദേശി യുവാവിനെ പരിചയപ്പെട്ടത് ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ്. ഇതിനായി ചില വ്യാജരേഖകൾ ഹാജരാക്കുകയും ചെയ്തു. പിന്നീട് യുവാവിൽനിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുക്കുകയായിരുന്നു.
തനിക്കെതിരെ പരാതിയുമായെത്തിയ മറ്റൊരു യുവാവിനെ മംഗളുരുവിൽ വച്ച് ലൈംഗികാതിക്രമക്കേസിൽ ശ്രുതി കുടുക്കിയിരുന്നു. മംഗളുരുവിൽ ജയിലിലായ യുവാവിൽനിന്ന് 5 ലക്ഷം രൂപയും ശ്രുതി തട്ടിയെടുത്തു. പിന്നീട് യുവാവ് ജാമ്യത്തിലിറങ്ങിയതോടെയാണ് ശ്രുതിയുടെ തട്ടിപ്പിനെ ക്കുറിച്ച് വ്യക്തമായത്. ഇതിനു പിന്നാലെയാണ് പൊയിനാച്ചി സ്വദേശിയായ യുവാവിന്റെ പരാതിയിൽ മേൽപറമ്പ് പോലീസ് കേസെടുത്തത്.