തിരുവനന്തപുരം: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടിൻ്റെ നിർമ്മാണം പൂർത്തിയായി. കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജൂലൈ 12ന് വൈകീട്ട് 3ന് നടക്കുന്ന ചടങ്ങിൽ കെ. സുധാകരൻ ഭവനത്തിന്റെ താക്കോൽ മറിയക്കുട്ടിക്ക് കൈമാറും.
സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടി താമസിച്ചിരുന്നത് ഇരുന്നൂറേക്കറിൽ മകൾ പ്രിൻസിയുടെ വീട്ടിലാണ്. കാലഹരണപ്പെട്ട ഈ വീട് പൊളിച്ചാണ് 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചത്. ഇതിനായി 5 ലക്ഷം രൂപ കഴിഞ്ഞ ജനുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും പാവപ്പെട്ടവന്റെ ഹൃദയത്തോടു ചേര്ന്നുനില്ക്കുന്നവരുടെ ഹൃദയവികാരമാണെന്നും സുധാകരന് പറഞ്ഞു.