
കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിന് ഹാജരായി. അന്വേഷണസംഘം നോട്ടീസ് നൽകിയതനുസരിച്ച് മരട് പോലീസ് സ്റ്റേഷനിലാണ് നടൻ ഹാജരായിരിക്കുന്നത്. സ്റ്റേഷനിൽ ശ്രീനാഥ് ഭാസിയുടെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിന് ഹാജരായത്. ഓംപ്രകാശിനെ മരടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ശ്രീനാഥ് ഭാസി സന്ദർശിച്ചിരുന്നു. ഇവിടെ ലഹരി പാർട്ടി നടന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് ഓംപ്രകാശിനെ സന്ദർശിച്ചവരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കുന്നത്. നടി പ്രയാഗ മാർട്ടിനും പോലീസ് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
ഞായറാഴ്ചയാണ് മരടിലെ ഹോട്ടലിൽനിന്നും ഓംപ്രകാശും കൂട്ടാളി ഷിഹാസും പിടിയിലാകുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്നും മദ്യവും ലഹരിമരുന്നും ലഭിച്ചതായാണ് പോലീസ് പറയുന്നത്. വിദേശത്തുനിന്നും മയക്കുമരുന്നെത്തിച്ച് ഡിജെ പാർട്ടികൾക്ക് വിതരണം ചെയ്യുന്നയാളാണ് ഓംപ്രകാശെന്നും മരടിലെ ഹോട്ടലിൽ പ്രയാഗയും ശ്രീനാഥ് ഭാസിയും ഉൾപ്പെടെ ഇരുപതോളം പേർ ഇയാളെ സന്ദർശിച്ചെന്നും പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
