തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം. മാണിയുടെ ആത്മകഥ.
കെ.എം. മാണി മരിക്കുന്നതിന് ആറ് മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കളെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങള്‍ ആത്മകഥയിലുള്ളത്. രമേശ് ചെന്നിത്തലയെയും കെ ബാബുവിനേയും പ്രതിക്കുട്ടില്‍ നിര്‍ത്തുന്നതാണ് കെ എം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ല എന്നതിന്റെ പേരില്‍ ചെന്നിത്തല തനിക്കെതിരായെന്ന് മാണി കുറ്റപ്പെടുത്തുന്നു. ബാര്‍ കോഴ കേസ് ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെ തുകയായിരുന്നു. തനിക്കെതിരായ ഒരു വടിയായി ബാര്‍ കോഴ ആരോപണത്തെ രമേശ് ചെന്നിത്തല കണ്ടു.’ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ’ എന്ന് രമേശ് മനസില്‍ കണ്ടിരിക്കാം എന്നാണ് കെ.എം മാണി ആത്മകഥയില്‍ പറയുന്നത്
നിയമ മന്ത്രി കൂടിയായിരുന്ന തന്നെ മറികടന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു ബാര്‍ ലൈസന്‍സ് പുതുക്കാനുള്ള ഫയല്‍ മന്ത്രിസഭയില്‍ കൊണ്ടുവന്നു. യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയെന്നും ആത്മകഥയില്‍ മാണി കുറ്റപ്പെടുത്തുന്നു. ആത്മകഥ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം ഇല്ല. എന്നാല്‍ യുഡിഫില്‍ നിന്ന് കുഞ്ഞാലിക്കുട്ടിക്ക് മാത്രം ക്ഷണം ഉണ്ട് എന്നതും ശ്രദ്ധേയമാണ്.