ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കാനും തീരുമാനിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായും വീഡിയോ ചിത്രീകരിച്ചയാളെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. മണിപ്പൂരിലെ ബിപൈന്യം ഗ്രാമത്തിലാണ് ഗോത്രവര്‍ഗക്കാരായ രണ്ട് സ്ത്രീകളെ മെയ് നാലിന് നഗ്നരാക്കി നടത്തിയത്. പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിന്റെ 26 സെക്കന്‍ഡ് നീളമുള്ള വീഡിയോ ഈ മാസം 19 നാണ് പുറത്തു വന്നത്.