തിരുവനന്തപുരം: 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി ചന്ദ്രന് എന്ന മണിച്ചനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നാഴ്ച മുന്‍പ് മന്ത്രിസഭ എടുത്ത തീരുമാനം സര്‍ക്കാര്‍ രഹസ്യമാക്കി വച്ച ശേഷം ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍, വ്യാജമദ്യ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ മോചിപ്പിക്കാനുള്ള തീരുമാനം രാജ്ഭവന് ഗൗരവമായാണ് കാണുന്നത്.
മൂന്നാഴ്ചയായിട്ടും തീരുമാനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ആസാദി കാ അമൃതിന്റെ ഭാഗമായണ് മണിച്ചനെ മോചിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. 2000 ഒക്ടോബര്‍ 21നായിരുന്നു കല്ലുവവാതുക്കല്‍ മദ്യദുരന്തം. ദുരന്തത്തില്‍ 31 പേര് മരിക്കുകയും ആറ് പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും 600 പേര് ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു.
ഈ വ്യാജമദ്യം നിര്‍മിച്ചത് മണിച്ചനാണെന്ന് കോടതി കണ്ടെത്തിയായിരുന്ന ജീവപര്യന്തം ശിക്ഷ വിധിച്ചത്. മണിച്ചന്റെ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം തയ്യാറാക്കിയിരുന്നത്. മദ്യത്തിന് വീര്യം കൂട്ടാനായി സ്പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണം ചെയ്യുകയായിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മണിച്ചനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഇതിനുപുറമേ വ്യാജമദ്യ കേസില്‍ മണിച്ചന് ഗൂഡാലോചന, ഗൂഡാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ച നഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷം കലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്ത്, ചാരായ വില്‍പ്പന എന്നിവയ്ക്കായി മറ്റൊരു ജീവപര്യന്തം ശിക്ഷ കൂടി കോടതി വിധിച്ചിരുന്നു. ഇതിനകം 20 വര്‍ഷത്തെ തടവുശിക്ഷ മണിച്ചന് അനുഭവിച്ചുകഴിഞ്ഞു.
സെഷന്‍സ് കോടതി വിധിക്കെതിരെ മണിച്ചന് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചെങ്കിലും ശിക്ഷ ഇളവുചെയ്യാന്‍ കോടതികള്‍ തയ്യാറായില്ല. മണിച്ചനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മുദ്രവച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല.