കോട്ടയം: എൻ സി പി യിലെ തർക്കങ്ങൾ ക്ലൈമാക്സിലേക്ക്. നാളെ മാണി സി കാപ്പൻ മുംബയിൽ എത്തും. മറ്റന്നാൾ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി അന്തിമ നിലപാട് അറിയിക്കും. തീരുമാനം ഇനി വൈകാൻ ആവില്ല എന്നതാണ് മാണി സി കാപ്പന്റെ നിലപാട്. പാലാ സീറ്റ് ഇടതു മുന്നണി ജോസ് കെ മാണിക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് മാണി സി കാപ്പൻ നിലപാട് കടുപ്പിക്കുന്നത്.
മുംബൈയിൽ നടക്കുന്ന ചർച്ചക്ക് മുന്നോടിയായി പാലായിൽ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ കടുത്ത നിലപാടുകൾ ആണ് മാണി സി കാപ്പൻ വ്യക്തമാക്കിയത്. “പാലാ ഞാൻ ജയിച്ച സീറ്റ് ആണ്. അത് മറ്റാർക്കും വിട്ടു കൊടുക്കില്ല. പാലായിൽ ഞാൻ തന്നെ മത്സരിക്കും ” മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് മാണി സി കാപ്പൻ കടുത്ത നിലപാട് പറയുന്നത് എന്നതാണ് ശ്രദ്ധേയം. കുട്ടനാട് മത്സരിക്കാനുള്ള സാധ്യത മാണി സി കാപ്പൻ പൂർണമായും തള്ളിക്കളഞ്ഞു. ” കുട്ടനാടും മുട്ടനാടും ഒന്നും തനിക്ക് വേണ്ട, കുട്ടനാട് പോയാൽ നീന്താൻ പോലും എനിക്കറിയില്ല” അല്പം ഹാസ്യം കലർത്തി മാണി സി കാപ്പൻ വ്യക്തമാക്കി.