മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ മാമ്പഴമേളയ്ക്ക് തുടക്കമായി. ദാന മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി ദേശീയ കാർഷിക വികസന സ്ഥാപന (എൻ.ഐ.എ.ഡി) സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ ആൽ ഖലീഫ, വിശിഷ്ടാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ജെയ്ൻ എന്നിവർ ചേർന്ന് മാമ്പഴമേള ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല ഇരുവരെയും സ്വീകരിച്ചു.

ജൂൺ 4 വരെ നടക്കുന്ന ഫെസ്റ്റിവലിൽ 18 രാജ്യങ്ങളിൽ നിന്നുള്ള 88 ഇനം മാമ്പഴങ്ങളും മധുരപലഹാരങ്ങൾ മുതൽ കറികളും അച്ചാറുകളും സ്മൂത്തികളും വരെ മാമ്പഴ പലഹാരങ്ങളുടെ ഒരു നിരയും ഉണ്ടായിരിക്കും. ഇന്ത്യ, യുഗാണ്ട, ശ്രീലങ്ക, കെനിയ, മലേഷ്യ, ഇന്തോനേഷ്യ, മൊറോക്കോ, യു.എസ്.എ, വിയറ്റ്നാം, ഫിലിപ്പീൻസ്, തായ്ലൻഡ്, യമൻ, യു.എ.ഇ, ഒമാൻ, സൗദി, കൊളംബിയ, ഈജിപ്ത്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള മാങ്ങകളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. മാങ്ങ ഉപയോഗിച്ചുള്ള പാൻകേക്ക്, മാങ്ങ ചിക്കൻകറി, മാങ്ങ പുളിശ്ശേരി, മാങ്ങ മീൻകറി, മാങ്ങയിട്ട ചെമ്മീൻകറി, മാങ്ങ പായസം, മാങ്ങ ജിലേബി, ബർഫി, ഹൽവ, മാങ്ങ സലാഡ് തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് മേളയിലുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ അൽഫോൻസോ മാങ്ങ, മൽഗോവ എന്നിവയും മേളയിൽ എത്തിച്ചിട്ടുണ്ട്.

‘കിങ്ഡം ഓഫ് മാംഗോസ്’ എന്ന പേരിൽ ജൂൺ നാലുവരെ നീണ്ടുനിൽക്കുന്ന മാമ്പഴമേളക്കായി 50 ടൺ മാങ്ങയാണ് എത്തിച്ചിട്ടുള്ളത്. മാമ്പഴമേളയിലൂടെ ലോകത്തിലെ ഏറ്റവും മികച്ച രുചികൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
കൂടാതെ, ഹോപ്സ്കോച്ച്, ടിക്-ടാക്-ടോ, ഫോട്ടോബൂത്ത്, ഡിസ്പ്ലേകൾ തുടങ്ങിയ മാമ്പഴത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകൾ, ഷെഫ് ആലയുടെ കുക്കറി ഡെമോ, അതിഥികളെ രസിപ്പിക്കാൻ രസകരമായ ‘മാംഗോ മേസ്’ എന്നിവയും ഒരുക്കിയിട്ടുണ്ട്.
