തിരുവനന്തപുരം: കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണ്ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 2 മുതല്‍ തലപ്പാടിയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ കര്‍ണ്ണാടകയിലെ ഉദ്യോഗസ്ഥര്‍ ഇതിനായുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണം ചികിത്സയ്ക്കായി പോകുന്നവര്‍ക്കും അവശ്യസേവന മേഖലയിലുള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നു. കാസര്‍ഗോഡ് നിന്ന് സ്ഥിരമായി മംഗലാപുരത്തേക്ക് പോയി വരുന്ന യാത്രക്കാര്‍ക്ക് മുന്‍ഗണന നല്കി ആർ ടി പി സി ആർ ടെസ്റ്റ് നടത്തുന്നതിന് അതിര്‍ത്തിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഡോസ് കോവിഡ് വാക്സിനേഷന് പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ആർ ടി പി സി ആർ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് അതിനുള്ള അനുമതി നല്‍കുന്നതാണ്. യാത്രയ്ക്കായി ചെക്ക് പോസ്റ്റില്‍ എത്തുന്നവരുടെ സംശയ ദൂരീകരണത്തിനും ക്രമസമാധാന പാലനത്തിനും ആവശ്യമായ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടുള്ളതല്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് കര്‍ണ്ണാടക സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ണ്ണാടക സര്‍ക്കാറിന്റെ ഈ നടപടി മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് കര്‍ണ്ണാടക ഡിജിപി അറിയിച്ചിട്ടുണ്ട്.