മനാമ: ആഗോള സുരക്ഷാ ഉച്ചകോടിയായ മനാമ ഡയലോഗിന്റെ പതിനെട്ടാം പതിപ്പിന് ഇന്ന് ബഹറിനിൽ സമാപനമാകും. വിദേശകാര്യ മന്ത്രാലയം ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസുമായി സഹകരിച്ച് സംഘടിപ്പിച്ച ഉച്ചകോടിയിൽ പ്രമുഖ രാഷ്ട്രീയ പ്രതിരോധ സുരക്ഷാ മേഖലയിലെ വിദഗ്ധർ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ മന്ത്രിമാരും, നയതന്ത്രജ്ഞനും, ഉന്നത ചിന്തകരും പ്രാദേശികവും ആഗോളവുമായ സുരക്ഷയ്ക്കും സുസ്ഥിരതയും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രധാന വിഷയങ്ങളാണ് ചർച്ച ചെയ്തത്. ‘മിഡിൽ ഈസ്റ്റിലെ നിയമങ്ങളും മത്സരവും’ എന്ന വിഷയത്തിലാണ് ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത്. ലോകനേതാക്കളും വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും വിദേശകാര്യ-നയതന്ത്ര ഉദ്യോഗസ്ഥരും മിലിട്ടറി-നേവി വിഭാഗങ്ങളിലെ ഉന്നതോദ്യോഗസ്ഥരും മനാമ ഡയലോഗില്‍ പങ്കെടുത്തു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി വിവിധ പ്ളീനറി സെഷനുകളാണ് നടക്കുന്നത്. ഊർജ്ജത്തിന്റെ മാറുന്ന ജിയോപൊളിറ്റിക്സ്, മിഡിൽ ഈസ്റ്റ് സുരക്ഷയിൽ പ്രാദേശിക സംഘർഷങ്ങളുടെ ആഘാതം, പ്രതിരോധ ആധുനികവൽക്കരണവും പുതിയ സാങ്കേതിക വിദ്യകളും, പ്രാദേശിക സംഘർഷ പരിഹാരത്തിനുള്ള മിഡിൽ ഈസ്റ്റ് സംരംഭങ്ങൾ, ഗ്ലോബൽ മാരിടൈം ചോക്ക് പോയിന്റുകളുടെ സുരക്ഷ, മിഡിൽ ഈസ്റ്റിൽ പുതിയ സുരക്ഷാ പങ്കാളിത്തം, ആഗോള പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റ് രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലാണ് പ്ളീനറി സെഷനുകൾ നടക്കുന്നത്.
2004 ലാണ് ബഹ്റൈനില്‍ മനാമ ഡയലോഗിനു തുടക്കം കുറിച്ചത്. മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ നേതാക്കൾ, മന്ത്രിമാർ, നയരൂപകർത്താക്കൾ എന്നിവരെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും നയപരമായ പ്രതികരണങ്ങൾ പങ്കിടുന്നതിനും ഒരുമിച്ചുകൂടാൻ ഇത് പ്രാപ്തമാക്കുന്നു.