മനാമ: ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ഭാഗമായുള്ള പതിനേഴാമത് പ്രാദേശിക സുരക്ഷാ ഉച്ചകോടിയായ മനാമ ഡയലോഗിന് ബഹ്റൈനിൽ തുടക്കമായി. “ബഹുപക്ഷവാദവും മിഡിൽ ഈസ്റ്റും” എന്ന പ്രമേയത്തിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പേര് വെര്‍ച്വല്‍ ആയി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തില്‍ 300 പ്രതിനിധികളാണ് നേരിട്ടെത്തുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും വിദേശകാര്യ-നയതന്ത്ര ഉദ്യോഗസ്ഥരും മിലിട്ടറി-നേവി വിഭാഗങ്ങളിലെ ഉന്നതോദ്യോഗസ്ഥരും മനാമ ഡയലോഗില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രി പ്രബോവോ സുബിയാന്റോ, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സൗദ്, യു.കെ. നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ സര് സ്റ്റീഫന്‍ ലൊവെര്ഗ്രോവ് തുടങ്ങി നിരവധി പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുള്പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നു. മിഡിൽ ഈസ്റ്റ്, നോർത്ത് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്കും നേതാക്കൾക്കും മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട നയ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ഉച്ചകോടി ഒരു സുപ്രധാന അവസരമാണ് നൽകുന്നത്. കനത്ത സുരക്ഷാവലയത്തില്‍ നടക്കുന്ന ഉച്ചകോടിയിലേക്ക് പ്രത്യേകം അക്രെഡിറ്റേഷനുള്ളവര്ക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
മിഡിൽ ഈസ്റ്റിലെ ആദ്യ സുരക്ഷാ ഉച്ചകോടിയായാണ് മനാമ ഡയലോഗിനെ വിലയിരുത്തുന്നത്. ബഹ്റൈൻ ബേയിലെ ഫോർ സീസൺസ് ഹോട്ടലിലാണ് ഉച്ചകോടി നടക്കുന്നത്. 2004 മുതൽ വർഷം തോറും നടക്കുന്ന ഡയലോഗ് മിഡിൽ ഈസ്റ്റിന്റെ സുരക്ഷാ വാസ്തുവിദ്യയുടെ ഒരു കേന്ദ്ര ഘടകമാണ്. പ്രാദേശിക പ്രതിരോധത്തിന്റെയും സുരക്ഷാ നയതന്ത്രത്തിന്റെയും ഫലങ്ങൾ പതിവായി രൂപപ്പെടുത്തുന്ന മുഖാമുഖം ഉഭയകക്ഷി, ബഹുമുഖ ചർച്ചകൾക്കുള്ള പ്രത്യേക അവസരവും ഡയലോഗ് നൽകുന്നു.