
മനാമ: ഒരുമയുടെയും നന്മയുടെയും നിറവിൽ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ (എം.സി.എം.എ) സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമത്തിൽ പന്തീരായിരം പേർ പങ്കുചേർന്നു. റമദാൻ അവസാന പത്ത് നാളിലേക്കു കടന്ന ഈ വേളയിൽ നടന്ന ഇഫ്താർ സംഗമം ഈ പുണ്യമാസത്തെ നിർവചിക്കുന്ന ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും തെളിവായിരുന്നു. മെഗാ ഇഫ്താർ വൻ വിജയത്തിൽ പര്യവസാനിച്ചപ്പോൾ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന് അതിരറ്റ ചാരിതാർഥ്യം. 12,500 പേർ പങ്കെടുത്ത പരിപാടി ബഹ്റൈൻ പാർലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽവാഹെദ് ഖരാത്തയുടെ
രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

ഒപ്പം മെഗാ ഇഫ്താറിൽ ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സൗസാൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം, കാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. അബ്ദുൽഹസൻ ഹസൻ അൽ-ദൈരി, മനാമ ഹിന്ദു ക്ഷേത്ര തലവൻ ശാസ്ത്രി വിജയകുമാർ ബാലകൃഷ്ണ മുഖിയ, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജുസർ രൂപവാല, ഷിഫ അൽ ജസീറ ഹോസ്പിറ്റൽ & മെഡിക്കൽ സെന്ററുകളുടെ സി.ഇ.ഒ ഹബീബ് റഹ്മാൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഐ.സി.എഫ് ബഹ്റൈൻ പ്രസിഡന്റ് അബൂബക്കർ ലത്തീഫി, സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ധിൻ കോയ തങ്ങൾ, മുഹമ്മദ് അബ്ദുല്ല ഷർബത്തലിയുടെ ബ്രാഞ്ച് മാനേജർ സിദ്ദിഗ് ബഷീർ, അൽ ബുസ്താനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൾറീദ അബുൽ ഹസ്സൻ മുഹമ്മദ് ഇബ്രാഹിം, എം.എം.എസ്.ഇ മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം മീത്തൽ, കെ.ബി.ആർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് മുസ്തഫ, മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബഹ്റൈൻ മേഖലാ തലവൻ മുഹമ്മദ് റഫീഖ്, ഹമാഷ മോട്ടോഴ്സ് സർവീസസ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ എൻജിനീയർ ഇഹാബ് ഇബ്രാഹിം ഹമാഷ എന്നിവരും പങ്കെടുത്തു. പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയും രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളും പങ്കെടുത്തു.

ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റിയാസ് എം.എം.എസ്.ഇ സ്വാഗതവും, ഇഫ്താർ കമ്മിറ്റി ചെയർമാൻ ഡോ. സലാം മമ്പാട്ടുമൂല അധ്യക്ഷ പ്രസംഗവും നടത്തിയ പരിപാടിയിൽ ജനറൽ സെക്രട്ടറ അനീസ്ബാബു ആശംസകൾ നേരുകയും, ട്രഷറർ ലത്തീഫ് മരക്കാട്ട് നന്ദി പ്രസംഗം നടത്തുകയും ചെയ്തു. ഈ പരിപാടിയുടെ വിജയത്തിൽ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷനിലെ ഓരോ അംഗങ്ങളും വളരെ ആവേശഭരിതരാണെന്ന് സംഘടനയുടെ പ്രസിഡന്റും ഇഫ്താർ കമ്മിറ്റി ചെയർമാനുമായ ഡോ. സലാം മമ്പാട്ടുമൂല പറഞ്ഞു. “ഈ ഇഫ്താർ സംഗമം സമൂഹത്തിന് ഒത്തുചേരാനുള്ള അവസരം നൽകുക മാത്രമല്ല, നമ്മുടെ പൊതുവായ മൂല്യങ്ങളുടെ ശക്തിയെ എടുത്തുകാണിക്കുകയും ചെയ്തു. 12,500 പേർ പങ്കെടുത്ത ഈ പരിപാടിയിലെ ഐക്യത്തിന്റെയും ഉദാരതയുടെയും അന്തരീക്ഷം റമദാനിന്റെ സത്തയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ മെഗാ ഇഫ്താർ മികച്ച വിജയമാക്കി മാറ്റുന്നതിൽ ബഹ്റൈൻസമൂഹം നൽകിയ മികച്ച പിന്തുണയ്ക്കും പങ്കാളിത്തത്തിനും ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റിയാസ് എം.എം.എസ്.ഇ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. “ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും ഈ ആഘോഷത്തിൽ പങ്കെടുത്ത, സന്നദ്ധസേവനം നടത്തിയ, സംഭാവന നൽകിയ ഓരോ വ്യക്തിക്കും ഞങ്ങൾ അഗാധമായ നന്ദി അറിയിക്കുന്നതായി റിയാസ് എം.എം.എസ്.ഇ പറഞ്ഞു. പരിപാടിയിലെ ശ്രദ്ധേയമായ പങ്കാളിത്തം ബഹ്റൈനെ നിർവചിക്കുന്ന ശക്തമായ സമൂഹബോധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ മാസത്തിന്റെ പ്രാധാന്യം അടിവരയിടുന്ന പ്രഭാഷണം സയ്യിദ് ഫക്രുദ്ധീൻ പൂക്കോയ കോയ തങ്ങൾ നിർവഹിച്ചു. വനിതകൾ അടക്കം 200 ഓളം വോളണ്ടിയർമാരാണ് ഈ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകിയത്. എം.എം.മീഡിയ കമ്പനിയുടെയും ടൈംസ് ഓഫ് ബഹ്റൈൻ മീഡിയ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് എം.സി.എം.എ മെഗാ ഈഫ്താർ മനാമ സെൻട്രൽ മാർക്കറ്റിൽ നടത്തിയത്.

പരിപാടിയിൽ പങ്കെടുക്കുകയും അതിന്റെ വിജയത്തിന് സംഭാവന നൽകുകയും ചെയ്ത ഏവർക്കും മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ ഇഫ്താർ കമ്മിറ്റി അംഗങ്ങളായ ശ്രീജേഷ് വടകര അസി. ട്രഷറർ, അവിനാശ് ഓർഗനൈസിംഗ് സെക്രട്ടറി, ഷബീർ പൂനൂർ ജോയിന്റ് കൺവീനർ. നിസാം പിപി വളണ്ടിയർ ക്യാപ്റ്റൻ, ലത്തീഫ് പി.പി. കോർഡിനേറ്റർ, ജസീർ എം.എം.എസ്.ഇ വൈസ് ചെയർമാൻ, അഷ്റഫ് എൻ.കെ എന്നിവർ നന്ദി അറിയിച്ചു. ഈ റമദാനിൽ സഹാനുഭൂതിയുടെയും ഐക്യദാർഢ്യത്തിന്റെയും മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഭാവിയിൽ സമാനമായ സംരംഭങ്ങളിലൂടെ ഞങ്ങളുടെ സമൂഹത്തെ സേവിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നതായി എം.സി.എം.എ ബഹ്റൈൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
