മേപ്പാടി∙ മോഡലിങ് ചെയ്യാൻ യുവതികൾക്കായി സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകി പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ചിത്രം കൈക്കലാക്കുകയും തുടർന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കൊല്ലത്തുപറമ്പിൽ വീട്ടിൽ ഫൈഷാദ് (22) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിലൂടെയാണു പെൺകുട്ടിയെ യുവാവ് പരിചയപ്പെടുന്നത്. തുടർന്നു മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയായിരുന്നു.
പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റഗ്രാം, വാട്സാപ് വഴി ബന്ധപ്പെട്ട് മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചിത്രം വാങ്ങുകയും പിന്നീട് ഇവ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ഐ.ടി ആക്ട് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മേപ്പാടി ഇൻസ്പെക്ടർ എസ്എച്ച്ഒ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.