തലശ്ശേരി: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം തടവിനും മൂന്നുലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കതിരൂര്‍ വയല്‍പീടിക ശ്രീനാരായണമഠത്തിനു സമീപത്തെ കോയ്യോടന്‍ വീട്ടില്‍ പദ്മനാഭനെ (55) ആണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. ഭാര്യ ശ്രീജയെ സംശയത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
പിഴയടച്ചില്ലെങ്കില്‍ ആറുമാസംകൂടി തടവനുഭവിക്കണം. പിഴയടച്ചാല്‍ തുക മക്കള്‍ക്ക് നല്‍കണം. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ. ജയറാംദാസ് ഹാജരായി. 2015 ഒക്ടോബര്‍ ആറിന് രാത്രി 10-നാണ് സംഭവം. വീട്ടിലെ അടുക്കളയില്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കുത്തിയും ഇരുമ്പ് സ്റ്റൂള്‍കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കുത്താന്‍ ഉപയോഗിച്ച രണ്ട് കത്തികള്‍ പൊട്ടി. ഇതേ തുടര്‍ന്ന് മൂന്നാമത് ഒരു കത്തി കൂടി കുത്താന്‍ ഉപയോഗിച്ചു. കതിരൂര്‍ പോലീസ് എസ്.ഐ സുരേന്ദ്രന് കല്യാടന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂത്തുപറമ്പ് ഇന്‍സ്പെക്ടറായായിരുന്ന കെ. പ്രേംസദനാണ് അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രതിയുടെ അമ്മ, സഹോദരി എന്നിവര്‍ വിചാരണവേളയില്‍ കൂറുമാറി. സംഭവത്തില്‍ പ്രതിക്ക് കൈക്ക് പരിക്കേറ്റിരുന്നു.
പ്രതിയെ പരിശോധിച്ച ഡോക്ടര്‍ ഗോപകുമാര്‍, മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോ. ഗോപാലകൃഷ്ണപിള്ള, അയല്‍വാസികളായ ടി. കുമാരന്, ടി.കെ. കുമാരന്, ഷിജോയ്, ജിമേഷ്, ബാബു എന്നിവരുടെ മൊഴി കേസില്‍ നിര്‍ണായകമായി. പ്രോസിക്യൂഷനുവേണ്ടി 24 സാക്ഷികളെ വിസ്തരിച്ചു. 42 രേഖകളും 26 തൊണ്ടിമുതലുകളും ഹാജരാക്കി.