കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ പതിനൊന്ന് വയസ്സുകാരന് ഗുരുതര പരിക്ക്. പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നും മതപഠനത്തിന് പോകാനായി തയ്യാറാകുന്നതിനിടെയാണ് കുട്ടിയ്ക്ക് നേരെ ആക്രമണം നടന്നത്. പരിക്കേറ്റ കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി.
ആക്രമണ സമയത്ത് കുട്ടിയുടെ മാതാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെ കിടപ്പുമുറിയുടെ വാതില്‍ തുറന്ന് എത്തിയ അക്രമി കയ്യില്‍ ഉണ്ടായിരുന്ന മരത്തിന്റെ വടി ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട് വീട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി കുന്നത്തുനാട് പോലീസിനു കൈമാറി.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇയാള്‍ പ്രദേശത്ത് പ്രശ്നങ്ങള്‍ സൃഷ്ടിച്ച് വരികയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ ഇറങ്ങി ഇയാള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതായും, മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കടന്നതായും നാട്ടുകാര്‍ വ്യക്തമാക്കി. പ്രതിയെ കുറിച്ചുളള വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ലെന്ന് പോലീസ് പറഞ്ഞു. കാലിയ എന്നാണ് ഇയാള്‍ പേര് പറഞ്ഞത്. മറ്റ് വിവരങ്ങള്‍ ഒന്നും ഇയാളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.