
വയനാട് ദുരന്തത്തിൽ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുതവരൻ ജെൻസനും വിടപറഞ്ഞു. അച്ഛനും അമ്മയും സഹോദരിയേയും ഉരുൾപൊട്ടൽ കവർന്നപ്പോൾ ശ്രുതിയ്ക്ക് കരുത്തായി നിന്നത് ജെൻസനായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ജെൻസന്റെ വേർപാടിനെ ശ്രുതി എങ്ങനെ മറികടക്കുമെന്നറിയാതെ ആശങ്കയിലാണ് കേരളക്കര. ഇപ്പോൾ ജെയ്സന്റെ വേർപാടിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി.
ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ് എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും.- മമ്മൂട്ടി കുറിച്ചു.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു. ശ്രുതിയുടെ പ്രതിശ്രുതവരനായിരുന്നു ജിന്സണ്. അമ്പലവയൽ സ്വദേശിയാണ്.
അപകടത്തില്‍ ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റിരുന്നു. ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന് ശിവണ്ണന്, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര് മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു.
