മമ്മൂട്ടി വീണ്ടും നിര്‍മ്മാതാവാകുന്നു. പുതിയ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് യുവസംവിധായകരില്‍ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. പുതിയ പ്രൊജക്റ്റിന്റെയും മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
എം.ടി. വാസുദേവന്‍നായരുടെ ചെറുകഥകളെ ആസ്പദമാക്കി നെറ്റ് ഫ്ളിക്സ് ഒരുക്കുന്ന സീരീസിലെ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നതും ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഈ ചിത്രവും ഈ വര്ഷമുണ്ടാകുമെന്നറിയുന്നു. മമ്മൂട്ടി നിര്‍മ്മിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ എറണാകുളമായിരിക്കും.
ഇപ്പോള്‍ നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിലഭിനയിച്ച് വരികയാണ് മമ്മൂട്ടി. എറണാകുളത്തും, വാഗമണ്ണിലുമായി ഒക്ടോബര്‍ പകുതിയോടെ പുഴുവിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. തുടര്‍ന്ന് ലിജോയുടെ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. കെ. മധു – എസ്.എന്‍. സ്വാമി ടീമൊരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാമത്തെ ചിത്രം നവംബറിലാണ് ആരംഭിക്കുന്നത്.