കൊല്‍ക്കൊത്ത: സനാതന ധര്‍മ്മത്തെ എതിര്‍ത്ത് സംസാരിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന പ്രസ്ഥാവന നടത്തരുത്. എല്ലാ മതങ്ങളെയും ബഹുമാനിക്കണം. താന്‍ സനാതന ധര്‍മ്മത്തെ ബഹുമാനിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസും പ്രതികരിച്ചിരുന്നു. ഉദയനിധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെതിരേയും ഇന്‍ഡ്യ സഖ്യത്തിനെതിരേയും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. പരാമര്‍ശത്തിലൂടെ ഇന്ത്യയുടെ സംസ്കാരത്തേയും ചരിത്രത്തേയും അപമാനിച്ചുവെന്ന് ബിജെപി വിമര്‍ശിച്ചിരുന്നു.
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആണ് പരാതി നല്‍കിയത്. സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. ‘ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. അതുപോലെ സനാതന ധര്‍മ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്.’ എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മ്മം എന്ന വാക്ക് സംസ്കൃതത്തില്‍ നിന്നാണ് വന്നത്. ഇത് സമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിതി സ്റ്റാലിന് പറഞ്ഞിരുന്നു.