
ടെക്സസ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) മെയ് 17 ശനിയാഴ്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ വാർഷിക ആരോഗ്യമേളയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അമേരിക്കയിലെ ആതുരസേവന മേഖലയിലെ പ്രമുഖരായ പത്തോളം ഡോക്ടർമാർ നേതൃത്വം നൽകിയ പരിപാടി, സമൂഹത്തിന് മാതൃകയായി.
വിവിധ രോഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ നയിച്ചു. രോഗനിർണയത്തിനായി സൗജന്യ മെഡിക്കൽ പരിശോധനകൾ, ഇസിജി, രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ ഗ്ലൂക്കോസ് നിർണയം, കണ്ണ് പരിശോധന, സ്തനാർബുദ സാധ്യതാ പരിശോധന എന്നിവ ലഭ്യമാക്കി. ലോകോത്തര കാൻസർ ചികിത്സാ കേന്ദ്രമായ എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ്, കാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി.

കാർഡിയോളജി, എൻഡോക്രൈനോളജി, ഓങ്കോളജി, ജനറൽ മെഡിസിൻ, പൾമനോളജി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ സേവനം നൽകി. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച പരിപാടി, സ്റ്റാഫോർഡ് സിറ്റി മേയർ ശ്രീ. കെൻ മാത്യു ഉദ്ഘാടനം ചെയ്തു. മാഗ് പ്രസിഡന്റ് ജോസ് കെ. ജോൺ അധ്യക്ഷത വഹിച്ചു. ട്രഷറർ സുജിത് ചാക്കോ, പ്രോഗ്രാം കോ-ഓർഡിനേറ്റർ രേഷ്മ വിനോദ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെ നടന്ന സെമിനാറിൽ, പ്രശസ്ത ഡോക്ടർമാർ രോഗനിർണയം, ചികിത്സാ രീതികൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ഡോ. സ്നേഹാൽ എസ്. ദേശായി (റേഡിയേഷൻ ഓങ്കോളജി), ഡോ. ഷെല്ലി ശർമ (റേഡിയേഷൻ ഓങ്കോളജി), ഡോ. സുനന്ദ മുരളി (സൈക്യാട്രി), ഡോ. സുജിത്ത് വി. ചെറിയാൻ (പൾമനോളജി), ഡോ. എലീന ചെറിയാൻ (എൻഡോക്രൈനോളജി), ഡോ. അരുൺ ആൻഡ്രൂസ് (സൈക്യാട്രി), ഡോ. ലാറി പുത്തൻപറമ്പിൽ (ഒഫ്താൽമോളജി), ഡോ. ജോജി കെ. ജോർജ് (കാർഡിയോളജി), ഡോ. ധന്യ വിജയകുമാർ (ന്യൂറോളജി), ഡോ. അശ്വതി ബി. പിള്ള (ജനറൽ മെഡിസിൻ) എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സദസ്സിന്റെ ചോദ്യങ്ങൾക്ക് ഡോക്ടർമാർ വിശദമായ മറുപടികൾ നൽകി. രേഷ്മ വിനോദ് സെമിനാർ മോഡറേറ്ററായി.

ഉച്ചഭക്ഷണത്തിനു ശേഷം, എക്സൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോഗ്രാം ഡയറക്ടർ ജയ് മോൾ ടോമി CPR-AED പരിശീലനം നൽകി. ക്യാൻസർ രോഗങ്ങളെക്കുറിച്ചുള്ള പവർപോയിന്റ് പ്രസന്റേഷൻ നഴ്സ് പ്രാക്ടീഷണർമാരായ അജി മാത്യു, സോഫി ടോമി, രേഷ്മ വിനോദ് എന്നിവർ നടത്തി. നവജാത ശിശുക്കളിലെ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് (GBS) ഇൻഫെക്ഷനെക്കുറിച്ചുള്ള പ്രസന്റേഷൻ ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ് സ്വപ്ന ജേക്കബ് അവതരിപ്പിച്ചു. രജിസ്റ്റർഡ് നഴ്സുമാരായ സുജ ഗോപിനാഥ്, സ്വപ്ന ജോജി, സുഷ പിള്ളൈ, ജീന ജോർജ്, അന്നമ്മ ഡേവിഡ് എന്നിവർ ഹൃദയരോഗങ്ങൾ, മസ്തിഷ്കാഘാതം, പ്രമേഹം എന്നിവയെക്കുറിച്ചുള്ള പോസ്റ്റർ പ്രസന്റേഷനുകൾ നടത്തി.
വോളണ്ടിയർമാരെ ഏകോപിപ്പിച്ചത് അനിത മധു ആയിരുന്നു. 40-ലധികം നഴ്സുമാരുടെ സന്നദ്ധ സേവനം പരിപാടിയുടെ വിജയത്തിന് കരുത്തേകി. ZAC Audios, Cooper Valves, Riverstone Medical Associates, Chettinad Indian Cuisine എന്നിവർ സ്പോൺസർമാരായി.

പ്രോഗ്രാം കോ-ഓർഡിനേറ്റർമാരുടെ അർപ്പണബോധവും സംഘാടന മികവും പരിപാടിയെ വിജയകരമാക്കി. ബിജോയ് തോമസും റീനു വർഗീസും രേഷ്മ വിനോദും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ മാത്യൂസ് ചാണ്ടപ്പിള്ള, ക്രിസ്റ്റഫർ ജോർജ്, അലക്സ് മാത്യു, ജോസഫ് കുനതാൻ, വിഘ്നേഷ് ശിവൻ, ജോൺ ഡബ്ലിയു. വർഗീസ്, മിഖായേൽ ജോയ്, പ്രഭിത് മോൻ വെള്ളിയാൻ എന്നിവർ പരിപാടിയുടെ ഏകോപനത്തിൽ പങ്കാളികളായി.
മുൻ പ്രസിഡന്റുമാരായ സുരേന്ദ്രൻ പട്ടേൽ (ജഡ്ജ്, ഫോർട്ട്ബെൻഡ് കൗണ്ടി), ജോണി കുന്നക്കാട്ട്, വിനോദ് വാസുദേവൻ, ജോജി ജോസഫ് (ട്രസ്റ്റി ബോർഡ്), ഫെസിലിറ്റി മാനേജർ മോൻസി കുറിയാക്കോസ്, ജിനു തോമസ് (ട്രസ്റ്റി ബോർഡ്) തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
മാഗിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടന്ന ഈ ആരോഗ്യമേള, സമൂഹത്തിന് ആരോഗ്യ അവബോധവും സേവനവും നൽകുന്നതിൽ മികച്ച മാതൃകയായി.
