കൊച്ചി: ആരോപണങ്ങള്‍ വരുമ്പോള്‍ സ്ഥാനം ഒഴിഞ്ഞു മാറി നിന്ന് അന്വേഷണം നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം. പുരസ്കാര ദാനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് മുന്‍പ് താന്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് രഞ്ജിത്ത് ഇതിഹാസമാണെന്ന് പറഞ്ഞു സാംസ്കാരിക മന്ത്രി ആ പരാതി തള്ളിക്കളയുകയാണ് ചെയ്തത്.
ലൈംഗികാരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് സംവിധായകന് രഞ്ജിത്ത് രാജിവെച്ചത് നല്ലകാര്യമെന്ന് സംവിധായകന് വിനയന്. നടപടി അനിവാര്യമായിരുന്നുവെന്നും അഗ്നിശുദ്ധി നടത്തി രഞ്ജിത്ത് തിരികെ വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. എന്തു ശുദ്ധിവരുത്തിയാലും ഒരു കാര്യമുണ്ട് സിനിമയുടെ പുരസ്കാര നിര്‍ണയത്തില്‍ അധ്യക്ഷന്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തുവെന്ന അദ്ദേഹത്തിനെതിരായ പരാതി ഇപ്പോഴും നിലവിലുണ്ടെന്നും വിനയന് പറഞ്ഞു.