
മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മലപ്പുറം എസ്പി. പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും യഥാസമയം അശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അസ്മയുടെ പ്രസവസമയത്ത് ഒരു സ്ത്രീയുടെ പരിചരണം ഉണ്ടായിരുന്നതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അവരിലേക്കും അന്വേഷണം നീളുമെന്ന് എസ്പി പറഞ്ഞു. യുവതി അഞ്ച് തവണ പ്രസവിച്ചപ്പോള്‍ ആദ്യത്തെ രണ്ടെണ്ണം ആശുപത്രിയിലും മറ്റുള്ളവ വീട്ടിലുമാണ് നടന്നത്. രണ്ടുപ്രവസങ്ങള്‍ വീട്ടില്‍ നിന്ന് നല്ലരീതിയില്‍ നടന്നതുകൊണ്ടാണ് മൂന്നാമത്തെ പ്രസവവും വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിച്ചതെന്നാണ് സിറാജൂദ്ദീന് പൊലീസിന് നല്കിയ മൊഴി.
ആത്മീയകാര്യങ്ങളില്‍ അധികമായി വിശ്വസിക്കുന്ന ആളായതിനാലാണ് യുവതിയുടെ പ്രസവം വീട്ടില്‍ നടത്താന്‍ തീരുമാനിച്ചതെന്നാണ് സിറാജുദ്ദീന് പറഞ്ഞതെന്ന് എസ്പി പറഞ്ഞു. യുവതിയൂടെ വീട്ടുകാരുടെ വിശദമായ മൊഴിയെടുക്കുമെന്നും എസ്പി പറഞ്ഞു. ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീന് അടുത്തകാലത്താണ് ഇവിടെയെത്തിയതെന്നും യൂട്യൂബ് ചാനലും മതപ്രഭാഷണവുമാണ് വരുമാനമാര്‍ഗമെന്നും എസ്പി പറഞ്ഞു. അഞ്ചാം തീയതി വൈകീട്ടാണ് യുവതിയുടെ പ്രസവം നടന്നത് രാത്രിയോടെ മരണം സംഭവിച്ചു. പുലര്‍ച്ചെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയെന്നാണ് ഭര്‍ത്താവിന്റെ കുറ്റസമ്മതമൊഴി.
അതേസമയം, മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണു വ്യക്തമായത്. വൈകീട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒന്‍പതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാന്‍ വൈദ്യസഹായം ലഭ്യമാക്കിയില്ല. യുവതി മരിച്ചതോടെ മൃതദേഹവുമായി ഭര്‍ത്താവ് സിറാജുദീന്‍ പെരുമ്പാവൂരിലേക്കു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചത്.
അസ്മയുടെ മരണവിവരം സഹോദരങ്ങളെയുള്‍പ്പെടെ അറിയിക്കാതെ സിറാജുദ്ദീന് മറച്ചുവച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അസ്മയുടെ മാതൃസഹോദരന്‍ ടി കെ മുഹമ്മദ് കുഞ്ഞ് രംഗത്തെത്തി. അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുല്പായയില് പൊതിഞ്ഞരീതിയില്‍ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടര്‍ന്നാണു സിറാജുദീന്റെ ഒപ്പമെത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞ് പറയുന്നു. പൊലീസിനു പരാതി നല്‍കിയത് എഴുപത്തിയൊന്നുകാരനായ മുഹമ്മദ് കുഞ്ഞാണ്.
