കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.