കൊച്ചി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ സംവിധായകൻ മേജർ രവി പങ്കെടുത്തു. ഞാൻ ഒരു രാഷ്ട്രീയക്കാരനല്ലെന്ന് പറഞ്ഞു കൊണ്ടാണ് മേജർ രവിയുടെ പ്രസംഗം ആരംഭിച്ചത്.
‘ഞാൻ രാഷ്ട്രത്തിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രാജീവ് കൊല്ലപ്പെട്ടപ്പോൾ ആ ദൃശ്യങ്ങൾ കണ്ട് വേദനിച്ചു. ഇതിന് കാരണക്കാരായവരെ പിടിക്കാൻ അവസരം ലഭിക്കണേ എന്ന് കൃഷ്ണനോട് കരഞ്ഞ് പ്രാർത്ഥിച്ചു. രണ്ടാഴ്ച പിന്നിട്ടപ്പോൾ രാജീവ് ഘാതകരെ പിടികൂടാനുള്ള പ്രത്യേക ടീമിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് ലഭിച്ചു. ചെന്നൈയിൽ എത്തി ടീമിൻ്റെ ഭാഗമായി. പിന്നീട് എൻ്റെ ഈ കൈ കൊണ്ടാണ് ഇന്ന് ജയിലിൽ കഴിയുന്ന മൂന്ന് പ്രതികളെയും പിടികൂടിയത്. രാജീവ് വധക്കേസിലെ പ്രതി ഒറ്റക്കണ്ണൻ ശിവരശൻ ആത്മഹത്യ ചെയ്തപ്പോൾ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.’- മേജർ രവി പറഞ്ഞു.
ശബരിമല വിശ്വാസികൾക്ക് എതിരെ എടുത്ത കേസുകൾ യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ പിൻവലിക്കണമെന്ന് ഐശ്വര്യകേരളം യാത്രയുടെ വേദിയിൽ മേജർ രവി ആവശ്യപ്പെട്ടു. അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ എഴുതി തളളുമെന്ന ഉറപ്പും നൽകണം. ജനങ്ങൾക്ക് വേണ്ടിയുള്ള മന്ത്രിസഭയെ അധികാരത്തിലെത്തിക്കണം.
ഒരു പാർട്ടിയുടെയും മെമ്പർഷിപ്പ് താൻ എടുത്തിട്ടില്ല. ഏതെങ്കിലും പാർട്ടിക്കൊപ്പം നിൽക്കുമ്പോൾ അവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ എനിക്ക് അധികാരമുണ്ട്. പാർട്ടി അംഗമായാൽ എനിക്ക് ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ കഴിയില്ല. കോൺഗ്രസ് മെമ്പർഷിപ്പ് എടുക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ തൻ്റെ പിന്തുണ കോൺഗ്രസിന് വേണ്ടിയാണെന്ന് മേജർ രവി പറഞ്ഞു.