തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ദേശീയപാതയിലെ അറ്റകുറ്റപ്പണി ഉടൻ നടത്തുമെന്ന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ ഉറപ്പു നൽകി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് എൻ എച്ച് ഐ എ അധികൃതർ ഈ ഉറപ്പു നൽകിയത്. റോഡ് തകർന്ന മുഴുവൻ സ്ഥലങ്ങളിലും പ്രവൃത്തി നടത്താനാണ് തീരുമാനം. എസ്റ്റിമേറ്റ് തയ്യാറാക്കി ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറുമ്പോൾ വേഗത്തിൽ അംഗീകാരം നൽകണമെന്ന മന്ത്രിയുടെ നിർദ്ദേശം എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ അംഗീകരിച്ചു. എസ്റ്റിമേറ്റ് ലഭിച്ചാൽ ഉടൻ അംഗീകാരം നൽകാൻ നടപടി സ്വീകരിക്കാമെന്ന് എൻ എച്ച് എ ഐ ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പു നൽകി.
കുതിരാൻ രണ്ടാം ടണൽ പ്രവൃത്തിയും സംസ്ഥാനത്തെ മറ്റ് പ്രധാന പ്രവൃത്തികളും യോഗം വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും
ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്ത് മാസം തോറും യോഗം ചേരാനും തീരുമാനിച്ചു. സംസ്ഥാനത്തെ എൻ എച്ച് എ ഐ പ്രവൃത്തികൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ഐ എ എസ്, നോഡൽ ഓഫീസർ എസ് സുഹാസ് ഐ എ എസ്, ആലപ്പുഴ ഡി ഡി സി കെ എസ് അഞ്ജു ഐ എ എസ്, തൃശൂർ അസിസ്റ്റൻറ് കളക്ടർ സുഫിയാൻ അഹമ്മദ് ഐ എ എസ്, എൻ എച്ച് എ ഐ റീജിയണൽ ഓഫീസർ ബി എൽ മീണ, എൻ എച്ച് എ ഐ പ്രൊജക്ട് ഡയറക്ടർ പി പ്രദീപ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനിയർ അശോക് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.