തിരുവനന്തപുരം: തിരുവനന്തപുരത്ത് കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് 500 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. ചിറയിന്‍കീഴ് മുട്ടപ്പാലം സ്വദേശി ജയന് എന്ന ജയചന്ദ്രന് നായരെയാണ് എക്സൈസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് കഞ്ചാവ് കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
ആറ്റിങ്ങല്‍ ദേശീയപാതയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടെയ്നര്‍ ലോറിയില്‍നിന്ന് 500 കിലോ കഞ്ചാവ് പിടികൂടിയത്. ലോറിയിലെ കണ്ടെയ്നറില്‍ രഹസ്യ അറകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കണ്ടെയ്നര്‍ ലോറിയിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുല്‍വന്ത് സിങ്, ജാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും വെറും കാരിയര്‍മാര്‍ മാത്രമാണെന്നാണ് എക്സൈസ് അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തിയത്. തുടര്‍ന്ന് കഞ്ചാവ് അയച്ചവരിലേക്കും കേരളത്തില്‍ ഇത് കൈപ്പറ്റുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.