
മുംബൈ: ബീഡില്‍ ജില്ലയിലെ ഒരു സര്‍പഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അടുത്ത സഹായിയായ എന്‍.സി.പി. നേതാവ് വാല്മീക് കാരാഡ് പിടിയിലായതിന് പിന്നാലെ എന്‍.സി.പി. നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ധനഞ്ജയ് മുണ്ടേ രാജിവെച്ചു. ബീഡില്‍ ജില്ലയിലെ മസാജോഗ് ഗ്രാമത്തിലെ സര്‍പഞ്ച് അഥവാ ഗ്രാമമുഖ്യനായ സന്തോഷ് ദേശ്മുഖ് കൊല്ലപ്പെട്ട കേസിലാണ് വാല്മീക് കാരാഡ് അറസ്റ്റിലായത്.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഡിസംബറില്‍ കാരാഡ് കീഴടങ്ങിയത്. മഹാരാഷ്ട്പ സംഘടിത കുറ്റകൃത്യ നിയമം (മക്കോക്ക) ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ഭക്ഷ-സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന മുണ്ടേയോട് സ്ഥാനമൊഴിയാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടിരുന്നു. മുണ്ടേ രാജി സമര്‍പ്പിച്ചതായും താന്‍ അത് അംഗീകരിച്ചതായും മറ്റ് നടപടിക്രമങ്ങള്‍ക്കായി ഗവര്‍ണര്‍ക്ക് കൈമാറിയെന്നും ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.
ഉപമുഖ്യമന്ത്രി അജിത് പവാറുമായി തിങ്കളാഴ്ച രാത്രി ഫഡ്നാവിസ് ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. അതേസമയം, ആരോഗ്യകാരണങ്ങളാല്‍ രാജിവെക്കുന്നുവെന്നാണ് ധനഞ്ജയ് മുണ്ടേ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
2024 ഡിസംബര്‍ ഒമ്പതിനാണ് മസാജോഗ് ഗ്രാമമുഖ്യനായ സന്തോഷ് ദേശ് മുഖിനെ (45) തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ധനഞ്ജയ് മുണ്ടേക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
