കൊച്ചി: ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക്ക് നിർത്തുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യാപ്രകടനം ഇനിയില്ലെന്ന് ഗോപിനാഥ് മുതുകാട് അറിയിച്ചു. ഇനിയുള്ള ജീവിതം ദിവ്യാംഗരായ കുട്ടികൾക്കായി മാറ്റിവെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 45 വർഷമായി ജാലവിദ്യ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് ഗോപിനാഥ് മുതുകാട്.
ഒരു മാജിക് ഷോ അതിന്റെ പൂർണ്ണതയിലേക്ക് എത്തിക്കാൻ നീണ്ട ഗവേഷണവും പരിശ്രമവും ആവശ്യമാണ്. എന്നാലിപ്പോൾ ദിവ്യാംഗരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. പ്രൊഫഷണൾ ഷോകൾ ഇനി നടത്തില്ല. ഒരുപാട് കാലം ഒരുപാട് സ്ഥലത്ത് പോയി പണം വാങ്ങി ഷോ നടത്തിയിരുന്നു. ഇനി അത് പൂർണ്ണമായും നിർത്തുകയാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.
ദിവ്യാംഗകായ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പ്രവർനങ്ങളാണ് ഇപ്പോൾ നടത്തുന്നത്. അത്തരത്തിലുള്ളവരെ പഠിപ്പിക്കാനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും പാരാലിമ്പിക്സ് അടക്കമുള്ളവയിലേക്ക് കുട്ടികളെ പങ്കെടുപ്പിക്കാനും പരിശ്രമിക്കുകയാണ്. തന്റെ വലിയ സ്വപ്നം ദിവ്യാംഗരായ കുട്ടികൾക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സർവ്വകലാശാല സ്ഥാപിക്കണമെന്നതാണെന്നും ഗോപിനാഥ് മുതുകാട് വ്യക്തമാക്കി.