ചെന്നെെ: കാട്ടാനയായ അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന ഹർജി തള്ളി മദ്രാസ് ഹെെക്കോടതി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്ന് മാറ്റേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന് കൊച്ചി സ്വദേശി റെബേക്ക ജോസഫാണ് ഹർജി നൽകിയത്. ഹെെക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിന് ഹർജി കെെമാറിയത്.
ഇന്ന് ഉച്ചയ്ക്ക് അഞ്ചാം നമ്പർ കോടതിയാണ് ഹർജി പരിഗണിച്ചത്. അരിക്കൊമ്പന് തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ അരിക്കൊമ്പനെ തുറന്നുവിട്ട തമിഴ്നാട് സർക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കൊമ്പന്റെ നീക്കം തിരുനെൽവേലിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷിച്ച് വിവരങ്ങൾ കന്യാകുമാരി, അംബാസമുദ്രം, തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൈമാറുന്നുണ്ട്. നിലവിൽ അരിക്കൊമ്പൻ എവിടെയാണെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല. കാട്ടാന കോതയാർ ഡാമിന് പരിസരത്തുണ്ടെന്ന് ഇന്നലെ രാവിലെ ഒൻപതിന് സിഗ്നൽ ലഭിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു.