പാലക്കാട്: മധു വധക്കേസിൽ മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയ ഒറ്റപ്പാലം മുൻ സബ് കളക്ടർ ജെറോമിക് ജോർജ് നിർണായക വെളിപ്പെടുത്തലുമായി രംഗത്ത്. മുക്കാലിയിൽ നിന്ന് മധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പരിക്കുണ്ടായിരുന്നതായി സാക്ഷി മൊഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും ആശുപത്രിയിലെത്തിയപ്പോൾ മുറിവുകളുണ്ടായിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. പ്രതിഭാഗത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മജിസ്റ്റീരിയൽ റിപ്പോർട്ട് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജെറോമിക് ജോർജിനെ രണ്ടാം തവണയും വിസ്തരിച്ചത്. മുക്കാലിയിൽ നിന്ന് ആശുപത്രിയിൽ എത്തുന്നത് വരെ മധു പൊലീസ് കസ്റ്റഡിയിലായിരുന്നു. എന്നാൽ മധുവിനെ പൊലീസ് മർദ്ദിച്ചതായി സാക്ഷി മൊഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് സാക്ഷിമൊഴിയുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മധുവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐ പ്രസാദ് വർക്കി, പരിശോധിച്ച ഡോ.ലീമ ഫ്രാൻസിസ്, മധുവിന്റെ ബന്ധുവായ മുരുകൻ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്റ്റീരിയൽ റിപ്പോർട്ട് തയ്യാറാക്കിയത്. മധുവിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം വിശദീകരിക്കാൻ കഴിയുന്ന സാക്ഷികളുടെ മൊഴിയെടുത്തിട്ടില്ലെന്നും മധുവിന്റെ മരണം കസ്റ്റഡിയിലല്ലെന്ന് വ്യക്തമാക്കാൻ ശ്രമിച്ചവരുടെ മൊഴി മാത്രമാണ് എടുത്തതെന്ന് പ്രതിഭാഗം പറഞ്ഞു. മധുവിന്റെ ജാതി സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർ തയ്യാറാക്കിയ ബാക്ക് ഫയൽ വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും.