തിരുവനന്തപുരം: 29 -ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിന്റെ നാലു ചിത്രങ്ങൾ റെട്രോസ്പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
അഞ്ച് പതിറ്റാണ്ടായി ചലച്ചിത്ര മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഐ.എഫ്.എഫ്.കെ. മധു അമ്പാട്ടിനെ ആദരിക്കുന്നത്. 1:1.6,ആൻ ഓഡ് ടു ലോസ്റ്റ് ലവ്, പിൻവാതിൽ, അമരം, ഒകാ മാഞ്ചീ പ്രേമ കഥ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ. ഛായാഗ്രഹണത്തിന്റെ വ്യാകരണവും ദൃശ്യസാധ്യതകളും കാലത്തിനും ദേശത്തിനും അതീതമായി നവീകരിച്ച ചലച്ചിത്ര പ്രവർത്തകനാണ് അദ്ദേഹം. സമാന്തര സിനിമാ മേഖലയോടും കലാമൂല്യങ്ങളോടും പ്രതിബദ്ധത പുലർത്തിയ അദ്ദേഹം കമ്പോളത്തിന്റെ സാധ്യതകളിലേക്കോ സമരസപ്പെടലുകൾക്കു വേണ്ടിയോ തന്റെ ക്യാമറകണ്ണുകൾ തുറന്നില്ല.
1949 മാർച്ച് 6ന് എറണാകുളം ജില്ലയിൽ ജനിച്ച മധു അമ്പാട്ട്, 1973 ൽ പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മികച്ച ഛായാഗ്രാഹക വിദ്യാർത്ഥിക്കുള്ള സ്വർണ്ണ മെഡലോടു കൂടിയാണ് പഠനം പൂർത്തിയാക്കിയത്. വിഖ്യാത ചലച്ചിത്രകാരൻ രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ’ എന്ന ഡോക്യുമെൻ്ററിയിൽ പ്രവർത്തിച്ചുകൊണ്ടാണ് തുടക്കം. 1974-ൽ ഡോ. ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പ്രേമലേഖനം’ ആണ് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച ആദ്യ ചലച്ചിത്രം .ഒൻപത് ഭാഷകളിലായി 250 ൽ പരം ചിത്രങ്ങളുടെ ഛായാഗ്രഹകനാണ്. വിഖ്യാത ഹോളിവുഡ് സംവിധായകനായ മനോജ് നൈറ്റ് ശ്യാമളൻ്റെ പ്രേയിങ് വിത്ത് ആങ്കറിലും ജഗ്മോഹൻ മുണ്ട്രയുടെ പ്രൊവോക്ക്ഡിലും ഛായാഗ്രാഹകനായി പ്രവർത്തിച്ച മധു അമ്പാട്ട് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. 1984ൽ ആദി ശങ്കരാചാര്യ, 2006ൽ ശൃംഗാരം, 2010ൽ ആദാമിന്റെ മകൻ അബു എന്നിവയാണ് അദ്ദേഹത്തിനെ അവാർഡിനർഹമാക്കിയ ചിത്രങ്ങൾ.
മധു അമ്പാട്ട് ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച്, 2005ൽ പുറത്തിറങ്ങിയ ചിത്രമാണ് 1:1.6, ആൻ ഓഡ് റ്റു ലോസ്റ്റ് ലവ്.
ഡിസംബർ 16ന് നിളാ തിയേറ്ററിൽ ഈ വിഭാഗത്തിലെ ആദ്യ പ്രദർശനം നടക്കും.